തമിഴ്‌നാട്:തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ.കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.തിരുച്ചിറപ്പള്ളി ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം നടന്നത്.50 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇവിടെ നിന്നും കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാൻ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.പൊലീസ് നടത്തിയ പരിശോധനയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ജ്വല്ലറിയുടെ പിറകുവശത്ത് സ്‌കൂളാണ്.മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തുകയറുകയായിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. ഒരാള്‍ക്ക് കടക്കാന്‍ പാകത്തിന് വലുപ്പത്തിലാണ് ഭിത്തി തുരന്നത്.പുലര്‍ച്ചെ രണ്ടിന് അകത്തുകയറിയ രണ്ടുപേര്‍ ഒന്നരമണിക്കൂറോളം ജൂവലറിയില്‍ ചെലവഴിച്ചു.ഇതെല്ലാം സിസിടിവിയില്‍ വ്യക്തമാണ്. കൈയില്‍ ബാഗുമായി കയറിയ ഇവര്‍ കടയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്നതുള്‍പ്പെടെ എല്ലാ ആഭരണങ്ങളും കൊള്ളയടിച്ചു.ഇവര്‍ അകത്തുവന്ന സമയത്ത് പുറത്ത് മറ്റൊരു സംഘം കാവലിനുണ്ടായിരുന്നതായി സംശയിക്കുന്നു. ജനത്തിരക്കേറിയ മേഖലയിലെ വന്‍കവര്‍ച്ച നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 17ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്നിരുന്നു.ഇപ്പോൾ പിടിയിലായവർക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.