കാസർക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ അഞ്ചു സിപിഎം നേതാക്കൾ അറസ്റ്റിൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കും. ബ്രാഞ്ച് സെക്രട്ടറി രാജു സുരേന്ദ്രൻ, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായവര്‍.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഏരിയാ സെക്രട്ടറിയായിരുന്ന മണികണ്ഠൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ നേരത്തെ കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മണികണ്ഠൻ കേസിൽ പ്രതിയാണ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.2019 ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്(21), ശരത് ലാൽ(24) എന്നിവർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ. ഇന്ന് ഉച്ചയോടെയാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ സിബിഐ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കാസർകോഡ് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ അവസാനിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.