കണ്ണൂർ:ആയിക്കരയിലെ നിന്നും മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവേ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു തൊഴിലാളികളെയും രക്ഷപ്പെടുത്തി. നീർച്ചാൽ സ്വദേശികളായ ഹമീദ്,സുബൈർ,തലശ്ശേരി സ്വദേശി റസാക്ക്,കൊല്ലം സ്വദശി കണ്ണൻ തമിഴ്നാട് സ്വദേശി സെൽവരാജ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ബുധനാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്ത് എത്തുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസിന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറച്ചു ദിവസം മുൻപാണ് അയക്കരയിൽ നിന്നും മത്സ്യബന്ധനത്തിനായി ബോട്ട് പുറപ്പെട്ടത്.എന്നാൽ മഹി ഭാഗത്തെത്തിയപ്പോൾ തന്നെ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരികെ വരികയായിരുന്നു. ആദ്യം മാഹിയിലും പിന്നീട് തലശ്ശേരി കടപ്പുറത്തും ബോട്ട് തീരത്തടുപ്പിച്ചിരുന്നു.ശേഷം ആയിക്കരയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്.ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോട് കൂടി എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് മൈതാനപ്പള്ളിക്കും കടലായിക്കുമിടയിൽ പുറം കടലിൽ അകപ്പെടുകയായിരുന്നു.തൊഴിലാളികൾ ഉടൻതന്നെ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.ഇതനുസരിച്ച് അഴീക്കലിൽ നിന്നും തലായി കടപ്പുറത്തു നിന്നും ഫിഷറീസിന്റെ ഓരോ രക്ഷബോട്ടുകൾ വീതം രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഇതിനിടയിലാണ് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്തെത്തിയത്.നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.മൽസ്യ തൊഴിലാളികൾ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത തീരദേശത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയിരുന്നു. തഹസിൽദാർ വി.എം സജീവൻ,എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പത്ത്,സിറ്റി എസ്‌ഐ ശ്രീഹരി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.