തിരുവനന്തപുരം:തിരുവനന്തപുരം വർക്കല ചെറിന്നിയൂരിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. പുലർച്ചെയാണ് സംഭവം. വീട്ടുടമസ്ഥൻ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഹിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് തീയണച്ച്, വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.വർക്കല പുത്തൻ ചന്തയിൽ പച്ചക്കറി വ്യാപാരിയാണ് ബേബി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവർത്തിച്ചിരുന്നു. എന്നാൽ, വീടിന് മുൻവശത്ത് സൂക്ഷിച്ച മോട്ടർബൈക്കിൽ നിന്നാണ് തീ പടർന്നതെന്ന് സമീപവാസികൾ പറയുന്നു.അതേസമയം അഞ്ച് പേരും മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നൗഷാദ് പറഞ്ഞു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ലെന്നും നൗഷാദ് അറിയിച്ചു.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട് എന്നാണ് പ്രാഥമിക നിഗമനം എന്നും കൂടുതൽ വിവരങ്ങൾ അറിയാൻ പരിശോധന ആരംഭിച്ചതായും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വ്യക്തമാക്കി. തീപിടിത്തത്തിൽ വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. മുറിക്കുള്ളിലെ എസികളും കത്തി നശിച്ചിട്ടുണ്ട്.