കണ്ണൂർ∙ അധ്യയന വർഷം തുടങ്ങും മുൻപു സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തണമെന്ന നിർദേശം ഇത്തവണയും നടപ്പായില്ല. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം.എന്നാൽ വർഷങ്ങളായി, പഠിപ്പ് തുടങ്ങി മാസങ്ങൾ കഴിഞ്ഞാണു പരിശോധന നടത്തുന്നത്. ഈ വർഷവും തൽസ്ഥിതി തന്നെയാണു തുടരുന്നത്. കുട്ടികൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലാണു പഠിക്കുന്നതെന്നുറപ്പു വരുത്താൻ സർക്കാർ കൊണ്ടുവന്ന നിയമത്തെ വർഷങ്ങളായി കാറ്റിൽ പറത്തുന്നതു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ.ഈ പരിശോധനകളും പേരിനു മാത്രമുള്ളതാണെന്നു മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. കണ്ണൂർ നോർത്ത് ഉപജില്ലയിൽ യുപി, എൽപി വിഭാഗങ്ങളിലായി 88 സ്കൂളുകളാണ് ഉള്ളത്. ഈ അധ്യയന വർഷം ആരംഭിച്ചതിനുശേഷം മേഖലയിലെ ഒരു സ്കൂളിനു മാത്രമേ പരിശോധന നടത്തി ഫിറ്റ്നസ് നൽകിയിട്ടുള്ളൂ.സൗത്ത് ഉപജില്ലയിലും വിരലിലെണ്ണാവുന്ന സ്കൂളുകൾക്കു മാത്രമാണു നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഹൈസ്കൂൾ വിഭാഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനുള്ള സമയം കൂടി വേണ്ടതിനാൽ മധ്യവേനലവധിക്കാലത്തു തന്നെ പരിശോധന നടത്തണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതു പാലിക്കപ്പെടാറില്ലെന്നു മാത്രമല്ല, വർഷങ്ങളായി ഏറെ സ്കൂളുകൾ വിദ്യാഭ്യാസ വർഷം പൂർത്തിയാക്കുന്നതും ഫിറ്റനസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ്.പലതവണ പോയാലാണ് ഉദ്യോഗസ്ഥൻ വരാൻ തയാറാവുക. വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുവരണം.ഇങ്ങനെയൊന്നും ചെയ്യാത്ത സ്കൂളുകളിലേക്കു കഴിഞ്ഞ വർഷം ചില ഉദ്യോഗസ്ഥർ എത്തിയില്ലത്രേ. ഉദ്യോഗസ്ഥരുടെ ഈ നിസ്സംഗത ഫിറ്റ്നസ് പരിശോധനകളെ ഭയക്കുന്ന ചില മാനേജ്മെന്റുകൾ മുതലെടുക്കുന്നതായി പരാതിയുണ്ട്.
Kerala
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയം കഴിഞ്ഞു …
Previous Articleസർവകലാശാലയിൽ ഇനി നാട്ടുമാവിൻ തോട്ടം