Kerala, News

വൃദ്ധസദനത്തില്‍ വെച്ച്‌ നടക്കുന്ന ആദ്യ വിവാഹം; ലക്ഷ്മി അമ്മാൾ ഇനി കൊ​ച്ച​നി​യന്‍ ചേട്ടന്റെ സ്വന്തം

keralanews first wedding in old age home kochaniyan weds lakshmi ammal

തൃശൂർ: നന്‍മനിറഞ്ഞ മനസുകളെ സാക്ഷിനിര്‍ത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി.ഇത് വൃദ്ധസദനത്തില്‍ വെച്ച്‌ നടക്കുന്ന ആദ്യ വിവാഹം. രാമപുരത്തുകാര്‍ ഏക മനസ്സോടെ ആ മംഗളകര്‍മ്മത്തിനു സാക്ഷിയായി.തൃശൂര്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെട്ട നിരവധി പേരെത്തി.67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അൻപതു വര്‍ഷത്തിലേറെയായി ഇരുവര്‍ക്കും പരിചയമുണ്ട്.ലക്ഷ്മി അമ്മാളുടെ ഭര്‍ത്താവ് കൃഷ്ണ അയ്യര്‍ എന്ന സ്വാമിയുടെ പാചകജോലിയില്‍ സഹായി ആയിരുന്നു കൊച്ചനിയന്‍. ഭര്‍ത്താവിന്‍റെ മരണശേഷം ഒറ്റപ്പെട്ടു പോയ ലക്ഷ്മി അമ്മാളെ നോക്കിയിരുന്നത് കൊച്ചനിയനായിരുന്നു. ഒറ്റക്കായ ലക്ഷ്മി അമ്മാളെ കൊച്ചനിയനാണ് വൃദ്ധമന്ദിരത്തിലാക്കിയത്. ഇടക്ക് കാണാന്‍ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളര്‍ന്ന് ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയനെ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വയനാട്ടിലെ വൃദ്ധമന്ദിരത്തിലെത്തിക്കുന്നത്.അവിടെ ഏറെനാള്‍ കഴിഞ്ഞ കൊച്ചനിയനെ അദ്ദേഹത്തിന്‍റെ നിരന്തരമായ ആവശ്യപ്രകാരമാണ് രാമവര്‍മപുരത്ത് ലക്ഷ്മി അമ്മാള്‍ താമസിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ആരും നോക്കാനില്ലാത്ത കൊച്ചനിയനെ ഇനിയുള്ള കാലമെങ്കിലും നന്നായി പരിചരിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ലക്ഷ്മി അമ്മാള്‍. രണ്ടു പേര്‍ക്കും വയ്യെങ്കിലും രണ്ടുപേരും പരസ്പരം താങ്ങും തണലായും മാറുമെന്ന് ഇവര്‍ പറയുന്നു.

Previous ArticleNext Article