കൊച്ചി:മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ‘ജലാശ്വ’ കൊച്ചി തീരത്തെത്തി.440 മലയാളികൾ ഉൾപ്പെടെ 698 പേരാണ് കപ്പലില്‍ ഉള്ളത്.20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും കപ്പലില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.കൊച്ചി സാമുദ്രിക തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കുക.തെര്‍മല്‍ സ്‌കാനിങ് അടക്കം നിരവധി പരിശോധനകളാണ് ഉണ്ടാകുക.50 പേരടങ്ങുന്ന സംഘങ്ങളായാണ് കപ്പലില്‍ നിന്ന് ആളുകളെ ഇറക്കുക. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോൾത്തന്നെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും തുടര്‍ നിരീക്ഷണത്തിനായി എത്തിക്കും.കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധനക്കു വിധേയരാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റീനില്‍ ആക്കും.കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്.പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടുവരാനായി ഐഎന്‍എസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും തിരിച്ചിട്ടുണ്ട്.