തിരുവനന്തപുരം: നാളെയും ഏപ്രിൽ രണ്ടിനുമായി രാജ്യമൊട്ടാകെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. അഞ്ച് വയസ്സിന് തായേ ഉള്ള കുട്ടികൾക്കാണ് പോളിയോ മരുന്ന് നല്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും തുള്ളി മരുന്ന് നൽകാൻ ഏർപ്പാടാക്കിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പോളിയോ ബാധിച്ചിരുന്നു. 125 രാജ്യങ്ങളിൽ ബാധിച്ച പകർച്ച വ്യാധി നമ്മുടെ രാജ്യത്തെയും ഭീതിയിലാക്കിയിരുന്നു. എന്നാൽ 2011ന് ശേഷം ഇന്ത്യയിൽ ഒരൊറ്റ പോളിയോ രോഗം പോലും റിപ്പോർട്ട് ചെയ്തില്ല.
പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ് (വൈൽഡ് വൈറസ്) വസിക്കുന്നത് കുട്ടികളുടെ കുടലിൽ ആണ്. എല്ലാ കുട്ടികൾക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോൾ കുട്ടികളുടെ കുടലിൽ വാക്സിൻ വൈറസ് പെരുകുകയും അവ കുടലിലുള്ള വന്യവൈറസുകളെ അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളുകയും തുടർന്ന് വാക്സിൻ വൈറസുകൾ അവയെ നശിപ്പിക്കുകയും ചെയ്യും.
രോഗ പ്രതിരോധ ചികിത്സപട്ടിക പ്രകാരം പോളിയോ വാക്സിൻ വ്യക്തിഗത സംരക്ഷണമാണ് നൽകുന്നതെങ്കിൽ പൾസ് പോളിയോ തുള്ളിമരുന്ന് രോഗാണു സംക്രമണം തടഞ്ഞ് സമൂഹത്തിൽ ഒന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തി പോളിയോ രോഗ നിർമാർജ്ജനം സാധ്യമാക്കും.
കേരളത്തിൽ രണ്ടായിരത്തിന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2011 ൽ പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിൽ നിന്നും അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗവ്യാപനം കണക്കിലെടുത്ത് പൾസ് പോളിയോ പരിപാടി ഇന്ത്യയിൽ ഇത്തവണയും തുടരുകയാണ്. പോളിയോ രോഗത്തിന്റെ നിർമാർജനം എന്ന ലക്ഷ്യം കൈവരിച്ച ഭാരതം ആ രോഗത്തിന്റെ പുനപ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കേണ്ടതാണ്.
ദേശിയ പോളിയോ പൾസ് ഇമ്മ്യൂണസേഷൻ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നവജാത ശിശുക്കൾക്കും നാളെ പൾസ് പോളിയോ വാക്സിൻ നൽകും.