കണ്ണൂർ:പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും.ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ എയര്‍ പോര്‍ട്ടില്‍ പൂര്‍ത്തിയായതായി വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള 170 ലേറെ പ്രവാസികളുമായി വിമാനം എത്തുക.സാമൂഹിക അലകം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക.ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ള പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍ വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും.വിമാനത്താവളത്തില്‍ വച്ച് വിശദമായ സ്ക്രീനിംഗിനു വിധേയരാക്കും. ക്വാറന്റീനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ബോധവത്ക്കരണവും നല്‍കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തില്‍ ഒരുക്കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലേക്ക് പോകേണ്ടവരെയും അയല്‍ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കുക.ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളുമുണ്ടാവും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യണം.ഇതിനായി പെയ്ഡ് ടാക്സി സൗകര്യം ലഭിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തില്‍ ചേര്‍ന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.