ന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.മറ്റ് വൈറസുകളെ അപേക്ഷിച്ച് ശക്തമാണ് എച്ച് 5 എന്‍ 1 വൈറസ് എങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടര്‍ന്ന് കേന്ദ്രം കര്‍ശന ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ലുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍ 1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. ചത്ത പക്ഷികള്‍, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.