കാസർകോഡ്:ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് കൈമാറും.കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.കെട്ടിടസമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും.ബുധനാഴ്ച നടക്കുന്ന കൈമാറ്റച്ചടങ്ങില്‍ ടാറ്റ പ്രോജക്‌ട് ലിമിറ്റഡ് ഡി.ജി.എം. ഗോപിനാഥ റെഡ്ഡി കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 541 കിടക്കകളുള്ള ആശുപത്രിയാണ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചത്.150 ദിവസം കൊണ്ടാണ് കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമുള്ള ആശുപത്രി ഒരുങ്ങിയത്. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എം.സി.ഖമറുദ്ദീന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ടാറ്റാ പ്രോജക്‌ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് പി.എല്‍.ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ് നന്ദി പറയും.