India, News

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

keralanews first budget of second modi govt today

ദില്ലി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ്. ഈ വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്ബത്തിക സര്‍വ്വേ നിര്‍ദ്ദേശം. ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.ഇന്ത്യന്‍ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.

Previous ArticleNext Article