തിരുവനന്തപുരം:കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേക്ഷണം ചെയ്യുന്ന കേരളസർക്കാരിന്റെ ഓൺലൈൻ പാഠ്യപദ്ധതിയായ ഫസ്റ്റ് ബെലിൽ തിങ്കളാഴ്ച മുതൽ പുതിയ ക്ലാസുകൾ ആരംഭിക്കും.കഴിഞ്ഞ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേക്ഷണം ചെയ്ത് ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരമൊരുക്കിയിരുന്നു. തിങ്കളാഴ്ച മുതൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെയായിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.ആദ്യ ക്ലാസ്സുകൾക്ക് ശേഷം ഉയർന്നുവന്ന അഭിപ്രായം അനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്ന വിധം ഇംഗ്ലീഷ് വാക്കുകൾ എഴുതികാണിക്കാനും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസ്സുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു.ആദ്യക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചത്.കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കിൽ victerseduchannel ഇൽ ലൈവ് ആയി കാണാനും യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.തിങ്കൾ മുതൽ വെള്ളി വരെ 10, 12 ക്ലാസുകളുടെ പുനഃസംപ്രേക്ഷണം കാണാം.ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് നിലവിലുള്ളതുപോലെ ശനി,ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേക്ഷണം.