Kerala, News

കണ്ണൂരിൽ സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ

keralanews first accused in the case of mother brutally beaten by her children to seize property in kannur

കണ്ണൂർ:മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ വൃദ്ധമാതാവിനെ മക്കൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ മകൻ അറസ്റ്റിൽ.രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.മറ്റ് മക്കൾ ഒളിവിലാണ്.വധശ്രമം,കയ്യേറ്റ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ഈ മാസം പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് നൽകണമെന്ന് പറഞ്ഞ് നാല് മക്കൾ ചേർന്നാണ് മീനാക്ഷിയമ്മയെ മർദിച്ചത്. മർദനത്തിൽ മീനാക്ഷിയമ്മയ്‌ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.മക്കൾ നാലുപേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പു വെപ്പിച്ചു.പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചിരുന്നു. അസുഖ ബാധിതയായി മരിച്ച മകൾ ഓമനയ്‌ക്ക് മറ്റ് അവകാശികൾ ആരുമില്ല. അതിനാൽ ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കൾ ചേർന്ന് മർദിച്ചത്. രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവർക്കെതിരെയാണ് കേസ്.

Previous ArticleNext Article