തേനി:തേനിയിലെ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയതായി കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ തമിഴ്നാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പി വ്യക്തമാക്കി. കാട്ടുതീയില്‍ മരിച്ചവര്‍ക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അന്‍പതിനായിരവും രൂപ വീതവും ധനസഹായം തമിഴ്നാട് സര്‍ക്കാര്‍ നല്‍കും.അപകടമുണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളില്‍ കൊളുക്കുമലയിലും, കുരങ്ങണിയിലും പലയിടങ്ങളിലും കാട്ടുതീയുണ്ടായിട്ടും പാസ് നല്‍കി കയറ്റിവിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായെന്ന് കണ്ടെത്തി.ഇതേ തുടർന്ന് തേനി റേഞ്ച് ഓഫീസര്‍ ജയ്സിങിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.അപകടത്തെ തുടർന്ന് മധുര മെഡിക്കല്‍ കോളജിലും, സ്വകാര്യ ആശുപത്രികളിലും പൊള്ളലേറ്റ് കഴിയുന്ന 27 പേരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന ചെന്നൈ സ്വദേശിനി നിഷയും മരിച്ചതോടെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം പത്തായി.