Kerala, News

സെക്രട്ടറിയേറ്റിലെ തീപിടുത്തം; അട്ടിമറിയല്ലെന്ന് ഉദ്യോഗസ്ഥസമിതി കണ്ടെത്തല്‍

keralanews fire in secretariate there is no sabotage in the incident

തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ടേബിള്‍ ഫാനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഡോക്ടര്‍ എ. കൗശികന്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലിരിക്കുന്നതിനാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലിരിക്കുന്ന തീപിടുത്തം ആസൂത്രണമാണെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദഗ്ധ പരിശോധനയ്ക്കായി അന്വേഷണ സമിതിയെ നിയോഗിച്ചത്. തീപിടുത്തത്തില്‍ 25 ഫയലുകള്‍ മാത്രമാണ് കത്തിയത്. ഈ ഫയലുകള്‍ തന്നെ പൂര്‍ണമായും നശിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കുന്നു.ഗസറ്റ് വിജ്ഞാപനവുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് എടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ഫയലുകളുമാണ് കത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഡോ.എ കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവും.നേരത്തെ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്.

Previous ArticleNext Article