തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലുണ്ടായ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണെന്ന സര്‍ക്കാരിന്റെയും മറ്റും വാദം ഫൊറന്‍സിക് വിഭാഗം തള്ളി. പരിശോധിച്ച സാംപിളുകളില്‍ ഷോര്‍ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഫിസിക്സ് ഡിവിഷന്റെ റിപ്പോര്‍ട്ട് പൊലീസ് സിജെഎം കോടതിക്കു കൈമാറി.ഓഗസ്റ്റ് 25 ലെ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകണമെങ്കില്‍ ഇനി കെമിസ്ട്രി ഡിവിഷന്റെ പരിശോധന കൂടി പൂര്‍ത്തിയാകണം. ഇന്ത്യന്‍ തെളിവു നിയമം സെക്‌ഷന്‍ 45 പ്രകാരം ഫൊറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിക്കും. പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ വച്ചു പ്രധാനമായും പരിശോധിച്ചതു ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയാണ്. സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. തീ പിടിക്കാന്‍ പെട്രോളോ മറ്റെന്തെങ്കിലുമോ കാരണമായോ എന്നറിയാന്‍ കെമിസ്ട്രി ഡിവിഷന്റെ പരിശോധനാ ഫലം വരണം. കത്തിയ സ്ഥലത്തു നിന്നു ചാരം ഉള്‍പ്പെടെ ഇതിനായി ശേഖരിച്ചിട്ടുണ്ട്.മുറിക്കുള്ളില്‍ കത്തിനശിച്ച 24 വസ്തുക്കള്‍ പരിശോധിച്ചാണു രാസപരിശോധനാ റിപ്പോര്‍ട്ട് തയാറാക്കിയതെന്നു ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ഫയലുകള്‍ കത്തിയിരുന്നു. എന്നാല്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കത്തി നശിച്ചിരുന്നില്ല.സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഓഗസ്റ്റ് 25 നായിരുന്നു തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും തീപിടിത്തത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.