തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് സൂചന.സംഭവത്തിന് പിന്നില്‍ രണ്ട് ജീവനക്കാരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ ലൈറ്റര്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലൈറ്റര്‍ ഉപയോഗിച്ച് പാക്കിങ്ങിനുള്ള പ്ലാസ്റ്റിക് തീകൊളുത്തിയെന്നാണ് സൂചന.ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം ഫാക്ടറിക്കു സമീപം കണ്ടിരുന്നു. പോലീസ് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരെകുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണ്.ഇലക്‌ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷമേ ഇവരെ അറസ്റ്റ് ചെയ്യൂ എന്ന് പൊലീസ് അറിയിച്ചു.തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവരാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.ഒക്ടോബര്‍ 31ന് രാത്രിയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ 500 കോടി രൂപയുടെ നഷ്ടമാണു പ്രാഥമിക കണക്ക്. ആളപായമില്ലെങ്കിലും രണ്ടും നാലും നിലകള്‍ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും നിര്‍മാണം പൂര്‍ത്തിയാക്കിയ ഉത്പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു.