Kerala, News

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; 5-ാം ദിനവും തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്;പുക കൂടുതൽ ഭാഗത്തേക്ക് പടരുന്നു

കൊച്ചി: തീപിടുത്തം ഉണ്ടായി അഞ്ചു ദിവസമായിട്ടും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്.തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്.അഞ്ച് ദിവസമായി 27-ൽ അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുന്നുണ്ടെങ്കിലും 80 ശതമാനം തീയാണ് അണക്കാനായത്. മാലിന്യം പുകഞ്ഞ് കത്തുന്നതിനാൽ കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം.‌ ഇത്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടൽ.അതേസമയം പ്ലാന്റിൽ നിന്നുള്ള പുക കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി. കഴിഞ്ഞ രാത്രി കാക്കനാട്, മരട് പ്രദേശങ്ങളിലേക്ക് പുക ഉയർന്നിരുന്നു. ഇതിനിടയിൽ ജില്ലയിലെ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്‌ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Previous ArticleNext Article