മുംബൈ : മഹാരാഷ്ട്ര ഭണ്ഡാര ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍(എസ്എന്‍സിയു) തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്ജന് പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി. മഹാരാഷ്ട്ര ജനറല്‍ ആശുപത്രിയിലുണ്ടായ സംഭവം അത്യധികം ദുഃഖം ഉളവാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.അപകടം അതിദാരുണമായ സംഭവമാണെന്നും കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ചെയ്യണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.