കാര്‍വാര്‍: നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ ലഫ്. കമാന്‍ഡര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കാര്‍വാറില്‍ വച്ചാണ് സംഭവം.ലഫ്. കമാന്‍ഡര്‍ ഡി. എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവിക സേന അറിയിച്ചു.തുറമുഖത്തേക്ക് കപ്പല്‍ കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാജ്യത്തെ ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പലില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ചൗഹാന്‍ ശ്വാസം മുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാര്‍വാറിലെ നാവിക സേനാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടുത്തമുണ്ടായെങ്കിലും കപ്പലിന് കാര്യമായ തകരാര്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. അപകടമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2004 ജനുവരിയിലാണ് റഷ്യയില്‍നിന്ന് 2.3 ബില്യണ്‍ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പല്‍ വാങ്ങിയത്. അറ്റകുറ്റപ്പണികള്‍ വൈകിയതിനാല്‍ 2013ലാണു വിക്രമാദിത്യ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 20 നില കെട്ടിടത്തിന്‍റെ ഉയരമാണിത്. 40,000 ടണ്‍ ഭാരമുള്ള വിക്രമാദിത്യയാണ് ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും ഭാരമേറിയതും വലിപ്പമുള്ളതുമായ കപ്പല്‍.ഫ്രാന്‍സിന്‍റെ നാവികസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ നാവികസേന മെയ് 1 മുതല്‍ നടത്താനിരുന്ന വരുണ നാവികാഭ്യാസത്തിലെ പങ്കാളിയായിരുന്നു ഐ.എന്‍.എസ് വിക്രമാദിത്യ.