തിരുവനന്തപുരം:കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തം. ഹോട്ടല്‍ ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ കത്തിനശിച്ചു.അഗ്‌നിശമന സേനയുടെ ആറോളം യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന.പുലര്‍ച്ചെ അഞ്ചേകാലോടെയാണ് കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്റര്‍, ഡിടിപി സെന്റ്ര്‍ എന്നിവയിലേക്കും തീ പടര്‍ന്നു. റസ്റ്റോറന്റിന് പിന്‍വശത്തുള്ള ഓടിട്ട വീട്ടിലാണ് മറ്റ് രണ്ട് കടകളും പ്രവര്‍ത്തിച്ചിരുന്നത്.ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാതിരുന്നത് ആളപായം ഒഴിവാക്കി.കടയുടെ പിന്‍ഭാഗത്തേക്ക് പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധിച്ചത്.തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടടുത്ത കടകളിലും വീടുകളിലുമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താത്ക്കാലികമായി ഒഴിപ്പിച്ചിരുന്നു.