ചെറുപുഴ:ചെറുപുഴ കൊട്ടത്തലച്ചി മലയിൽ തീപിടുത്തം.വ്യാഴാഴ്ച ഉച്ചയോടെയാണ് അതി പരിസ്ഥിതിലോല പ്രദേശമെന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയിലെ പുൽമേടുകൾക്ക് തീപിടിച്ചത്.തീപിടുത്തത്തിൽ മുപ്പതേക്കറോളം വരുന്ന പുൽമേടുകൾ കത്തിനശിച്ചു.ഉച്ച സമയമായതിനാൽ ചൂടും കാറ്റും തീ കൂടുതൽ പടരുന്നതിനിടയാക്കി.പെരിങ്ങോത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചെറുപുഴ പോലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും കൂടിയാണ് തീ അണച്ചത്.കൊട്ടത്തലച്ചി മലയുടെ മുകളിൽ എത്തിപ്പെടാൻ റോഡില്ലാത്തതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് മുകളിലെത്താൻ സാധിച്ചില്ല.പിന്നീട് ചൂരപ്പടവ് തട്ടിൽ എത്തി അവിടെനിന്ന് ജീപ്പിലാണ് സംഘം മലമുകളിലെത്തിയത്.വർഷങ്ങൾക്ക് മുൻപ് ഇവിടെയുണ്ടായ തീപിടുത്തത്തിൽ മലയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിനശിച്ചിരുന്നു.