Kerala

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം; അട്ടിമറിയുണ്ടെന്ന് മേയർ ടി ഒ മോഹനൻ

കണ്ണൂർ: ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ.തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. ബയോ മൈനിങ് മികച്ച രീതിയിൽ നടക്കുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു. പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവരും പ്രാദേശിക നേതാക്കളും സ്ഥലം സന്ദർശിച്ച് ബയോമൈനിങ് പാളി എന്ന പ്രഖ്യാപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ പറഞ്ഞു.

ഇന്നലെ പുലർച്ചെ 4നാണു സംഭവം. ജൈവ, അജൈവ മാലിന്യം വേർതിരിക്കുന്ന പ്രദേശത്തു നിന്നു പുക ഉയരുന്നതു കണ്ട സമീപവാസികൾ കോർപറേഷൻ അധികൃതരെയും തുടർന്ന് കണ്ണൂർ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ,തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയ ശേഷം 1.30ഓടെ തീ നിയന്ത്രണ വിധേയമാക്കി.ടിപ്പറിൽ മണൽ കൊണ്ടുവന്നു തീയുടെ മുകളിൽ തള്ളിയും മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മാലിന്യക്കൂമ്പാരം ഇളക്കി മാറ്റിയും കുഴിയെടുത്ത് ഇതിലേക്കു മാലിന്യം കോരി മാറ്റിയുമാണു തീ പടരുന്നതു തടഞ്ഞത്.1.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായി പുക ഉയരുന്നത് ഏറെ സമയം നീണ്ടു. 2.30ഓടെ തീയും പുകയും ഉയരുന്നതു പൂർണമായി ഇല്ലാതാക്കിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.

Previous ArticleNext Article