മംഗളൂരു:ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും.1989-ലെ റെയില്‍വേ നിയമം 156 ആം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ ഇത് ഗൗനിക്കാറില്ല.ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.മൂന്നുമാസം തടവു ലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് കരുതുന്നത്.