
കോട്ടയം:കുമരകത്തും നിന്നും ഇന്നലെ കാണാതായ മൂന്നു വിദ്യാർത്ഥികളെ മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി.കുമരകത്തെ സ്വകാര്യ സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു കുട്ടികളെയാണ് ഇന്നലെ കാണാതായത്.സ്കൂൾ വിട്ടിട്ടും കുട്ടികൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കുമരകം പോലീസ് സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകി.അതോടൊപ്പം ബസ്സ്റ്റാന്റുകളിലും,റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി.തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു.വിദ്യാർത്ഥികൾ സ്കൂളിൽ പുകവലിച്ചത് അധ്യാപകർ പിടികൂടുകയും രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വരണമെന്ന് പറയുകയും ചെയ്തിരുന്നു.ഇതിനെതുടർന്നാണ് നാടുവിട്ടതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.