Kerala, News

കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് 2134.5 കോടിയുടെ ധനാനുമതി

keralanews financial approval for tunnel connecting kozhikode wayanad districts

കൽപറ്റ: കോഴിക്കോട്– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപ്പാതയ്ക്ക് 2134.5 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു.ഇന്നലെ ചേർന്ന കിഫ്ബി ബോർഡ് യോഗം ധനാനുമതി നൽകിയ പദ്ധതികളിൽ സംസ്ഥാനത്തു തന്നെ ഏറ്റവുമധികം തുക അനുവദിച്ചത് തുരങ്കപ്പാതയ്ക്കായാണ്. തുരങ്കപ്പാതയുടെ വിശദ പദ്ധതി രേഖ പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.നേരത്തെ തുരങ്കപ്പാതയ്ക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ ഡിപിആർ പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്നു കണക്കാക്കിയത്. സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 2020 ഒക്ടോബർ 5നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാത പദ്ധതി പ്രഖ്യാപനം നടത്തിയത്.തുരങ്കപ്പാത പഠനം, പദ്ധതി നിർവഹണം എന്നിവയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി കൊങ്കൺ റെയിൽവേ കോർപറേഷനെ സർക്കാർ ഏൽപിച്ചു. 2020 ഡിസംബർ 22 നു തുരങ്കപ്പാതയുടെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയായി. ഡിസംബർ 24നു പാരിസ്ഥിതിക ആഘാതപഠനം ആരംഭിച്ചു.2021 ജനുവരിയിൽ അലൈൻമെന്റ് അംഗീകരിച്ചു. മറിപ്പുഴയിൽ നിന്ന് തുടങ്ങി മേപ്പാടി മീനാക്ഷി പാലത്തിൽ അവസാനിക്കുന്ന തരത്തിലുള്ള അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്. 3 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന വിധത്തിലാണ് പദ്ധതി. കോഴിക്കോട്, വയനാട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ തുരങ്കപ്പാതയുടെ സ്ഥലമേറ്റെടുക്കലിനുള്ള പ്രാഥമിക നടപടികള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.

Previous ArticleNext Article