മരട്:നിരവധി അവകാശവാദങ്ങള്‍ക്കും നാടകീയതയ്ക്കും ഒടുവില്‍ യഥാര്‍ഥ ഭാഗ്യവാനെ കണ്ടെത്തി. ഓണം ബംപര്‍ 12 കോടി സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയപാലന്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന് കൊച്ചിയിലെ കാനറാ ബാങ്കില്‍ സമര്‍പ്പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ജയപാലൻ പറഞ്ഞു. കഴിഞ്ഞ 10നാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍നിന്നു ലോട്ടറി ടിക്കറ്റ് എടുത്തത്. നമ്പറിന്റെ പ്രത്യേകത കണ്ടാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്നും ജയപാലന് പറഞ്ഞു. ആദ്യം കടം വീട്ടണം, കുടുംബ ഭദ്രത ഉറപ്പുവരുത്തണം. സ്ഥിരമായി എല്ലാതരം ലോട്ടറി ടിക്കറ്റും എടുക്കുന്നയാളാണ് താനെന്നും ജയപാലന് കൂട്ടിച്ചേര്‍ത്തു. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയില്‍നിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ചതന്നെ ഉറപ്പിച്ചിരുന്നു. നേരത്തെ പ്രവാസിയായ സെയ്ദലവി ഉൾപ്പെടെ ലോട്ടറി അടിച്ചത് തനിക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തിയത്.