Kerala, News

അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി;ഇരിട്ടി പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും

keralanews final phase of inspections has been completed and iritty bridge will be opened for traffic tomorrow

ഇരിട്ടി:പുതിയ പാലവുമായി ബന്ധപ്പെട്ട അന്തിമ പരിശോധനകൾ പൂർത്തിയായതോടെ ഇരിട്ടി പുതിയ പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് ആഘോഷങ്ങളൊന്നു മില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടാണ് ഇരിട്ടി പുതിയ പാലം നാളെ പൊതു ജനഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.336 കോടി ചെലവില്‍ നവീകരണം പൂര്‍ത്തിയാവുന്ന 55 കിലോമീറ്റര്‍ തലശ്ശേരി – വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ 7 ഫലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെ പാലവുമാണ് ഇരിട്ടി പാലം.ഇരിട്ടി പാലത്തിന് പുറമെ ഉളിയില്‍, കളറോഡ് , കരേറ്റ , മെരുവമ്പായി പാലങ്ങള്‍ നേരത്തേ പൂര്‍ത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയില്‍ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിര്‍മ്മാണവും കാലവര്‍ഷത്തിന് മുൻപ് തന്നെ പൂര്‍ത്തിയാക്കുമെന്ന് കെ എസ് ടി പി അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷുകാര്‍ 1933 ല്‍ നിര്‍മ്മിച്ച പാലത്തിന് സമാന്തര മായാണ് ഇരിട്ടി പുതിയ പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 48 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളായി നിര്‍മ്മിച്ച പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയും 23 മീറ്റര്‍ ഉയരവുമാണ് ഉള്ളത്. പാലം നിര്‍മ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തില്‍ പെട്ട് പാലത്തിന്റെ പൈലിങ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലെ മികച്ച പാലം വിദഗ്തര്‍ പ്രദേശം സന്ദര്‍ശിച്ച്‌ പൈലിംങ്ങിന്റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Previous ArticleNext Article