തിരുവനന്തപുരം: ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നിയമവശം പരിശോധിച്ച് സർക്കാർ അപ്പീൽ നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.വില നിർണയത്തിനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. ഇതിനെതിരെയാണ് കേരള സർക്കാർ അപ്പീൽ പോകുമെന്ന് വ്യക്തമാക്കിയത്. ഉപഭോക്താക്കളായ സാധാരണ ജനങ്ങളുടെ താത്പര്യമാണ് സർക്കാരിന് മുഖ്യമെന്നും ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിലെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കോടതി പ്രശംസിക്കുകയുണ്ടായതെന്നും മന്ത്രി പറഞ്ഞു.ജനതാത്പര്യം മുൻനിർത്തി ഇക്കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ട നടപടിയെ പിന്തുണയ്‌ക്കാൻ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 1955ലെ എസൻഷ്യൽ കമോഡിറ്റീസ് ആക്റ്റിന്റെ പരിധിയിൽ വരുന്ന ഭക്ഷ്യ പദാർത്ഥമെന്ന ഇനത്തിലാണ് കുടിവെള്ളം വരികയെന്നും 1986ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ കുപ്പിവെള്ളം വേറിട്ട സ്വഭാവമുള്ള ഒരു വാണിജ്യ ഉൽപ്പന്നമാണെന്നാണ് കേരള സർക്കാർ നിലപാട്. രണ്ടു മാസത്തിനുള്ളിൽ ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Kerala, News
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ
Previous Articleവടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു