തിരുവനന്തപുരം:രാജ്യത്ത് അഞ്ചാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്ന് സൂചന.രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രത്തിന്‍റെ ഇളവുകള്‍ രാജ്യത്ത് വലിയ വിപത്തുണ്ടാക്കുമെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മയും പ്രതികരിച്ചു. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച രാവിലെ ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടായേക്കും.ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ സംസ്ഥാനം പൂര്‍ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പലമേഖലകളിലും കൂടുതല്‍ നിയന്ത്രണം തുടരേണ്ടി വരും. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്‍റെ ഇളവുകള്‍ സംസ്ഥാനം നടപ്പാക്കാനുള്ള സാധ്യതയും വിരളമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. മതമേലധ്യക്ഷന്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.