കൊൽക്കത്ത:ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 319 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നാലാം ഘട്ട വോട്ടെടുപ്പിനിടെയില്‍ ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണയുടെ സാഹചര്യത്തിൽ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചിരുന്നു.നാലാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിലും സംഘർഷത്തിലും നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആറാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.