കൊച്ചി:ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ 15 വിദ്യാര്‍ഥികളെ കൊച്ചിയില്‍ എത്തിച്ചു. ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയിൽ എത്തിയത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി വിദ്യാര്‍ഥികളെയെല്ലാം വിമാനത്താവളത്തില്‍നിന്ന് നേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിദ്യാര്‍ഥികളെയും വീടുകളിലേക്ക് വിട്ടയക്കുകയും ചെയ്തു. അതേസമയം 14 ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സന്ദേശമിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് ഇവര്‍ക്കുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുകയും ചെയ്തത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഡാലി യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണിവര്‍.ഇനിയും ചൈനയിലെ വുഹാനില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെയും തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്.