പാലക്കാട്: ഔദ്യോഗിക യാത്രക്കിടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റെയ്ഞ്ച് ഓഫീസർ മരിച്ചു. അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് ദീപ്തം ഹൗസില്‍ ഷര്‍മിള ജയറാം (32) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യഴാഴ്ച രാവിലെയാണ് മരിച്ചത്.ഡിസംബര്‍ 24ന് വൈകീട്ട് ആറരയോടെ അട്ടപ്പാടി ചെമ്മണ്ണൂരിലാണ് അപകടം നടന്നത്. പന്നിയൂര്‍പടികയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഷര്‍മിളയും ഡ്രൈവര്‍ ഉബൈദും സഞ്ചരിച്ചിരുന്ന ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിയുകയായിരുന്നു.ചെമ്മണ്ണൂര്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ജീപ്പില്‍ നിന്നും ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷര്‍മിള 20 മിനിറ്റോളം വാഹനത്തില്‍ കുടുങ്ങിക്കിടന്നതായാണ് പറയുന്നത്.ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദ്(27) ചികിത്സയിലിരിക്കെ കഴിഞ്ഞ 27ന് മരിച്ചിരുന്നു.അട്ടപ്പാടി വനമേഖലയില്‍ വിഹരിച്ചിരുന്ന കഞ്ചാവ് മാഫിയയെ കിടുകിട വിറപ്പിച്ച ഓഫീസറാണ് ഷര്‍മ്മിള ജയറാം.വനപാലകര്‍ പോലും ഭയക്കുന്ന അട്ടപ്പാടി വനത്തില്‍ ധൈര്യസമേതം കടന്നുചെന്ന് ഷര്‍മ്മിള നടത്തിയത് നിരവധി കഞ്ചാവു വേട്ടകളാണ്.നാലു വര്‍ഷം മുൻപ് വനം വകുപ്പില്‍ ചേര്‍ന്ന ഷര്‍മ്മിള 2019 മാര്‍ച്ചിലാണ് അട്ടപ്പാടിയുടെ ആദ്യ വനിതാ ഫോറസ്റ്റ് റെയിഞ്ചര്‍ ആയി ചുമതലയേറ്റത്.ചുരുങ്ങിയ കാലയളവിനുള്ളില്‍ അട്ടപ്പാടി ജനതയ്ക്ക് പ്രിയങ്കരിയായി തീര്‍ന്ന ഷര്‍മ്മിള ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായും വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അട്ടപ്പാടി റെയ്ഞ്ചിലെ ആദിവാസി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തുന്നതിനായി ആരണ്യോപഹാരമെന്ന പേരില്‍ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ജനശ്രദ്ധ നേടി കൊടുത്തത്.കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ഫോറസ്ട്രി ബിരുദവും ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഷര്‍മ്മിള ജയറാം തമിഴ്‌നാട് ഫോറസ്റ്റ് അക്കാഡമിയില്‍നിന്നും 2015-17 ബാച്ചിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷര്‍മിളയുടെ മൃതദേഹം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.തുടര്‍ന്ന് രാത്രിയോടെ പാലക്കാട് മേഴ്‌സി കോളജിന് സമീപത്തെ കള്ളിക്കാട്ടെ വസതിയില്‍ എത്തിച്ചു. ഇന്ന് നഗരസഭ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ വിനോദ് പാണ്ഡ്യരാജാണ് ഭര്‍ത്താവ്. മകന്‍ നാലു വയസുകാരന്‍ റെയാന്‍ഷ്.പിതാവ്: ജയറാം (റിട്ട. മാനേജര്‍ കനറാ ബാങ്ക്). അമ്മ: ഭാനുമതി (ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥ).