തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ഡിജിപിക്ക് പരാതി നൽകി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി.കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.ബാലഭാസ്ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ അന്തരിച്ചത്. ദേശീയ പാതയില്‍ പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഏറെ നാള് ആശുപത്രിയില്‍ ആയിരുന്നു.