Kerala, News

അപൂർവരോഗം ബാധിച്ച പിഞ്ചു കുഞ്ഞിന് ചികിത്സാ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ;ഒറ്റ ഡോസ് മരുന്നിന് വേണ്ടത് 16 കോടി

keralanews father approaches highcourt seeking medical help for treatment of child 16 crore is required for a single dose of medicine

കൊച്ചി : അപൂർവരോഗം ബാധിച്ച അഞ്ച് വയസുകാരനായ കുഞ്ഞിന് ചികിത്സാ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ. ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കാണ് പിതാവ് സർക്കാർ സഹായം തേടിയത്. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണിപ്പോൾ. ചികിത്സയ്ക്ക് അമേരിക്കയിൽ നിന്നുമാണ് മരുന്ന് എത്തിക്കേണ്ടത്. ഒനസെമനജീൻ എന്ന മരുന്നിന്റെ വില 16 മുതൽ 18 കോടി വരെയാണ്. ഇത്രയധികം പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ സർക്കാർ സഹായം നൽകണം എന്നാണ് പിതാവിന്റെ ആവശ്യം. കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിശോധിച്ചു. കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെയടക്കം വിശദീകരണംതേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ച് മാത്രമേ തീരുമാനം സ്വീകരിക്കാൻ സാധിക്കൂ എന്ന് കോടതി വിലയിരുത്തി. ഇത് കണക്കിലെടുത്ത് 28- നോടകം സത്യവാങ്മൂലം ഫയൽചെയ്യാൻ സർക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിർദേശിച്ചു.സമാനമായ അസുഖത്തെ തുടർന്ന് ഹൈദരാബാദ് സ്വദേശിയായ മൂന്ന് വയസുകാരനും ചികിത്സയിലായിരുന്നു. മരുന്നിന് 16 കോടി ആവശ്യമായി വന്നതോടെ മാതാപിതാക്കൾ ക്രൗഡ് ഫണ്ടിങ്ങ് സൈറ്റിലൂടെ പണം കണ്ടെത്തി ചികിത്സാ നടത്തുകയായിരുന്നു.

Previous ArticleNext Article