കണ്ണൂർ: സിറ്റി നാലുവയിൽ പനിബാധിച്ച് 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ മനപ്പൂർമ്മല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താർ, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ചികിത്സ നടത്താതെ കുട്ടിയ്‌ക്ക് മന്ത്രിച്ച് ഊതിയെ വെള്ളം നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കുട്ടിയ്‌ക്ക് ചികിത്സ നൽകിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടി നേരത്തെ സമാനസാഹചര്യത്തിൽ മരിച്ചതായ വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കളും അയൽവാസികളും പറഞ്ഞത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും അവർ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.