കൊച്ചി:രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വരുന്നതോടെ പണം നല്‍കി കടന്നുപോകാന്‍ കഴിയുന്ന ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പോകേണ്ടി വരിക. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.