India, News

കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്;ഇന്ന് വീണ്ടും ചര്‍ച്ച

keralanews farmers strike enters to 8th day govt to hold meet today

ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം ശക്തമായതോടെ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളിലെ ഗതാഗതം സംവിധാനം താറുമാറായി. ഇതേതുടര്‍ന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ജനങ്ങളോട് യാത്രക്കായി ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചര്‍ച്ചയില്‍ 35 കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. കഴിഞ്ഞദിവസം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്തെ മറ്റ് റോഡുകള്‍ ഉപരോധിക്കുമെന്നും അവര്‍ പറഞ്ഞു.അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ ഇന്ന് സന്ദര്‍ശിക്കും. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചർച്ചയ്ക്ക് മുൻപാണ് സന്ദര്‍ശനം നടത്തുക.കര്‍ഷകപ്രക്ഷോഭത്തിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്‍കിയിരുന്നു.ഡിസംബര്‍ എട്ടു മുതല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും.

Previous ArticleNext Article