India, News

കർഷക സമരം നൂറാം ദിവസത്തിലേക്ക്; പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു

keralanews farmers strike enters 100th day protesters across the country observe black day today

ന്യൂഡൽഹി:കേന്ദ്ര സര്‍കാരിന്റെ വിവാദ കാര്‍ഷികനിയമത്തില്‍ പ്രതിഷേധിച്ച് കർഷകർ നടത്തിവരുന്ന സമരം നൂറാം ദിവസത്തിലേക്ക്.100ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിക്കും. ഡെല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും.ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച് എട്ടിന് സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആരംഭിച്ച സമരം നവംബര്‍ 27നാണ് ഡെല്‍ഹി അതിര്‍ത്തികളില്‍ എത്തിയത്.ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.അതിശൈത്യത്തില്‍ സമര പന്തലില്‍ 108 കർഷകർ മരിച്ചതായി സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു.അതിശൈത്യത്തെ അതിജീവിച്ച് ഡല്‍ഹി അതിർത്തികളില്‍ സമരം തുടരുന്ന കർഷകർ വരാനിരിക്കുന്ന കൊടും ചൂടിനെ മറികടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിർത്തിയില്‍ നൂറോളം ബോർവെല്ലുകള്‍ കുത്തി. 40,00 കൂളറുകള്‍ ടെന്‍റുകളില്‍ ക്രമീകരിച്ചു, സോളാർ പാനലുകളും സ്ഥാപിച്ചു.കർഷക സമരത്തില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിയുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ഉയർത്താനാണ് സംയുക്ത കിസാന്‍ മോർച്ചയുടെ തീരുമാനം.

Previous ArticleNext Article