ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയിലും ഡല്‍ഹി അതിര്‍ത്തിയിലും കര്‍ഷകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.വടക്കന്‍ ഡല്‍ഹി ബുറാഡിയില്‍ സമരത്തിന് സ്ഥലം നല്‍കാമെന്ന പൊലീസ് നിര്‍ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിരുന്നു. ജന്തര്‍മന്ദറിലോ, രാംലീല മൈതാനിയിലോ സമരത്തിന് സ്ഥലം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ തുടരുകയാണ്.സമാപന ദിവസമായ ഇന്നും പ്രക്ഷോഭകാരികളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും ഡല്‍ഹി പൊലീസിനെയും അതിര്‍ത്തിയില്‍ ഉടനീളം വിന്യസിച്ചിരിക്കുകയാണ്. റോത്തക്ക് ദേശീയപാതയും കര്‍ണാല്‍ ദേശീയപാതയും ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചാബ് അതിര്‍ത്തി ഹരിയാന സര്‍ക്കാര്‍ ഇന്നും അടച്ചിടും. കടുത്ത ശൈത്യത്തിനിടയിലും പട്യാല-അംബാല ദേശീയപാതയില്‍ അടക്കം കര്‍ഷകര്‍ തുടരുകയാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍, ഇന്ത്യ ഗേറ്റ് പരിസരത്ത് സുരക്ഷാസന്നാഹം ശക്തമാക്കി. അയല്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് ഡല്‍ഹി മെട്രോ ഇന്നും സര്‍വീസ് നടത്തില്ല.മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ചലോ ദില്ലി മാര്‍ച്ചിന്റെ രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവച്ചത്. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു.ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനായി എത്തിയത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.