ന്യൂഡൽഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍.നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സര്‍ക്കാരുമായി നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി 50,000ത്തോളം കര്‍ഷകര്‍ 1200 ട്രാക്ടറുകളില്‍ കയറിയാണ് ഡല്‍ഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.ആറ് മാസത്തോളം ഉപയോഗിക്കാന്‍ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കര്‍ഷകര്‍ എത്തുന്നത്. ‘ഞങ്ങളെ കൊല്ലുന്നതിനെ കുറിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ. മറ്റെന്ത് സാഹചര്യം ഉടലെടുത്താലും ഞങ്ങളിനി തിരികെ പോകില്ല’ , എന്നാണ് മസ്ദൂര്‍ സംഘര്‍ഷ് കമ്മറ്റി നേതാവ് സത്‌നം സിങ് പന്നു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിക്കു തിരിച്ചിട്ടുണ്ട്. സമരക്കാരെ തടയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യരുതെന്ന് കര്‍ഷകനേതാക്കള്‍ സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് ഒരു പ്രമേയം വെച്ചിട്ടുണ്ട്. അത് പരിഗണിക്കണമെന്നാണ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഞങ്ങള്‍ ചില ഓഫറുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു നിയമവും കുറ്റമറ്റതല്ല. കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകള്‍ എടുത്തുമാറ്റാന്‍ തയ്യാറാണ്’ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതല്‍ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.