ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ബി.ജെ.പി ഓഫിസുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.ബി.ജെ.പി നേതാക്കളുടേയും ജനപ്രതിനിധികളുടേയും വീടുകള്‍ ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പൂര്‍, ദല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും. കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കും. കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ കാര്‍ഷിക സംഘങ്ങള്‍ ഏകകണ്ഠമായി തള്ളിയതിന് പിന്നാലെയാണ് കര്‍ഷകര്‍ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചത്.
നിയമത്തില്‍ താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പുനല്‍കുന്നത് അടക്കമുള്ള ദേദഗതി നിര്‍ദേശങ്ങളാണ് ഇന്നലെ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കരാര്‍കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകനില്‍ നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരിക്കും, സര്‍ക്കാര്‍ ചന്തകള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയിലുള്ളത്. കേന്ദ്രമന്ത്രിമാരായ അമിത്ഷായും പിയൂഷ് ഗോയലുമാണ് അനുരഞ്ജന ഫോര്‍മുല തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍, ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടനകള്‍ വിലയിരുത്തി. ചൊവ്വാഴ്ച രാത്രി ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ഷകനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ചു. അതിനുപിന്നാലെയാണ് അമിത്ഷാ ഫോര്‍മുല എഴുതിത്തയാറാക്കി സമരക്കാര്‍ക്ക് സമര്‍പ്പിച്ചത്.