ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തികളിൽ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു.പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജസ്ഥാനിലെ രണ്ട് കര്‍ഷക മഹാ കൂട്ടായ്മകളെ ഇന്ന് അഭിസംബോധന ചെയ്യും. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.വിളവെടുപ്പ് സമയമായതിനാല്‍ സമരത്തില്‍ കര്‍ഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോൾ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും. വിളകള്‍ നശിപ്പിക്കരുതെന്നും, ആത്മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. എത്ര സമയമെടുത്താലും ശരി, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഈ മാസം 28ന് സിംഗുവില്‍ യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും.