Kerala, News

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു; മയക്കുവെടി വെക്കാൻ ഉത്തരവ്

keralanews farmer critically injured in tiger attack dies in wayanad

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. നാലുമണിയോടെ കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയായിരുന്നു.കടുവാ ആക്രമണം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വാളാട് വെള്ളാരംകുന്നിൽ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചു. കടുവയുടെ സാന്നിധ്യമറിഞ്ഞയുടനെ വനപാലകരെ വിവരം അറിയിച്ചെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തോമസിനെ കടുവ ആക്രമിച്ചത്. ഇതിന് ശേഷമാണ് തിരച്ചിലാവശ്യമായ സന്നാഹങ്ങളും മയക്കുവെടി വെക്കാനുള്ള തോക്കുകളുമൊക്കെയായി ഉദ്യോഗസ്ഥര്‍ എത്തിയത്.നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ഡെപ്യൂട്ടി കളക്ടര്‍, തഹസീര്‍ദാര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.അതേസമയം, വാളാട് വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കർഷകനെ ആക്രമിച്ച കടുവയെ വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു.

Previous ArticleNext Article