Kerala, News

പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു

keralanews famous singer m s naseem passes away

തിരുവനന്തപുരം:പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗായകൻ, മ്യൂസിക് കണ്ടക്റ്റർ, മലയാള സംഗീതത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരൻ, സ്റ്റേജ്-ടെലിവിഷൻ ഷോകളുടെ സംഘാടകൻ,ഡോക്യുമെന്ററി സംവിധായകൻ അങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനാണ് നസീം.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സംഗീതലോകത്ത് എത്തി.സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ജൂനിയർ എ എം രാജ എന്നും കോളേജിലെത്തിയപ്പോൾ ജൂനിയർ റാഫിയെന്നും വിളിപ്പേര് വീണു. മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. ആകാശവാണിയിലെയും ദൂരദർശനിലെയും സജീവ സാന്നിധ്യമായിരുന്നു.1990 ൽ ഇറങ്ങിയ അനന്തവൃത്താന്തം എന്ന സിനിമയിൽ ചിത്രയോടൊപ്പം ഒരു ഗാനം മാത്രമേ എം  എസ് നസീം സിനിമയിൽ ആലപിച്ചിട്ടുള്ളൂ.ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച്‌ പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം നല്ല രീതിയില്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.ദൂരദര്‍ശന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ആദ്യ സംഗീത പരമ്ബരയായ ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത നസീമിന്റെ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ്, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അതുല്യ പ്രതിഭയായിരുന്നു എംഎസ് നസീം.എം.എ, ബി.എഡ്കാരനായ നസീം 27 വര്‍ഷം കെഎസ്‌ഇബിയില്‍ (KSEB) പ്രവര്‍ത്തിച്ചിരുന്നു. ശേഷം 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച്‌ മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറുകയായിരുന്നു. മുഹമ്മദ് റാഫിയെയും മലയാളി സംഗീതജ്ഞൻ എ ടി ഉമ്മറിനെയും കുറിച്ച് അദ്ദേഹം ഡോക്യൂമെന്ററികൾ ചെയ്തിരുന്നു.ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.

Previous ArticleNext Article