തൃശൂർ:പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ ഓട്ടൻതുള്ളൽ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു.ഇരിങ്ങാലക്കുട അവട്ടത്തൂരിൽ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ഉത്സവത്തിന്‍റെ പള്ളിവേട്ട ദിനമായിരുന്ന ഞായറാഴ്ച രാത്രി എട്ടോടെ കലാപരിപാടി അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശു പതിയിൽ എത്തിച്ചെക്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണു മരണകാരണം.1974ൽ കലാമണ്ഡലത്തിൽ തുള്ളൽ പഠിക്കാനെത്തിയ ഗീതാനന്ദൻ 1983 മുതൽ ഇവിടെ അധ്യാപകനായി. ഇരുപതുവർഷത്തോളം കലാമണ്ഡലത്തിൽ വകുപ്പ് മേധാവിയായും സേവനം അനുഷ്ടിച്ചു.കഴിഞ്ഞ മാർച്ചിലാണ് ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചത്.രാജ്യത്തിനകത്തും പുറത്തുമായി അയ്യാരത്തിലധികം വേദികളിൽ അദ്ദേഹം ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്.തൂവൽ കൊട്ടാരം,കമലദളം,മനസിനക്കരെ,നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നൃത്തസംവിധായികയായ ശോഭയാണ് ഭാര്യ.മക്കൾ:സനൽ കുമാർ,ശ്രീലക്ഷ്മി.പ്രശസ്തനായ തുള്ളൽ കലാകാരൻ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശനാണ് പിതാവ്.