കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്(75) അന്തരിച്ചു.വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.’ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്‌ക്ക മരങ്ങൾ നിരനിരനിരയായ്..’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ..’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ആലപിച്ചത് പീർ മുഹമ്മദാണ്. 1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീർ മുഹമ്മദ്.1945 ജനുവരി 8 ന് തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിൽ അസീസ് അഹമ്മദിന്റെയും ബൽക്കീസിന്റെയും മകനായാണ് ജനനം. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957-90 കളിൽ എച്ച്എംവിയിലെ ആർട്ടിസ്റ്റായിരുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ച ഏക വ്യക്തി കൂടിയാണ് പീർ മുഹമ്മദ്. കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകളും പുറത്തിറക്കിയിട്ടുണ്ട്.കേരള ഫോക്‌ലോർ അക്കാദമി അവാർഡ്,എ വി മുഹമ്മദ് അവാർഡ്,ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലീം കള്‍ച്ചറൽ സെന്റർ അവാർഡ്,ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്,മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.