തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല(80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സിനിമയുടെ കഥാസന്ദര്‍ഭത്തിന് അനുസരിച്ച് ഗാനം രചിക്കുന്നതില്‍ പ്രഗല്ഭനായിരുന്നു ബിച്ചു തിരുമല. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ഗാനസാഹിത്യ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.