ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന്(67) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് മണിക്കുള്ള വിമാനത്തില്‍ സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.ഊരൂട്ടമ്പലത്തെ വീട്ടിലും, കലാഭവനിലും മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും.രണ്ടാഴ്ച മുൻപ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന് രാജേന്ദ്രന് മലയാള സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. മീനമാസത്തിലെ സൂര്യന്, സ്വാതിതിരുനാള്‍,ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.കടുത്ത ഇടതുപക്ഷ ചിന്തകനായ അദ്ദേഹം രണ്ടു തവണ ഒറ്റപ്പാലത്തു നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചിട്ടുണ്ട്. ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ആര്. നാരായണനെതിരെ മത്സരിച്ചത് ലെനിൻ രാജേന്ദ്രനായിരുന്നു.ഭാര്യ:ഡോ.രമണി, മക്കൾ:ഡോ.പാർവതി,ഗൗതമൻ.